ദേശീയം
മഴക്കെടുതി: കേരളത്തിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി
സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ ദുരിതത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏതാനും ജീവനുകൾ നഷ്ടമായത് ദുഖകരമാണെന്നും എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനത്തിന് ആവശ്യമായ കേന്ദ്രസഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
“കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏതാനും ജീവനുകൾ നഷ്ടമായത് ദുഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു”, അദ്ദേഹം ട്വീറ്റ് ചെയ്തു.