ദേശീയം
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
കര്‍ഷക സമരം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധാന്‍മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക.
അടല്‍ ബിഹരി വാജ്‌പേയ്‌യുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നേരിട്ട് തുക കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് തുകയുടെ വിതരണം.
അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനം സുശാസന്‍ ദിവസം ആയാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്. ചടങ്ങില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും.
അതേസമയം കാര്‍ഷിക നിയമത്തിന് എതിരെ ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇരുപത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊടുംശൈത്യത്തിലാണ് കര്‍ഷകര്‍ സമരം തുടരുന്നത്.
ഇതിനകം സമരത്തില്‍ പങ്കെടുത്തിരുന്ന കര്‍ഷകരില്‍ മുപ്പതിലധികം പേര്‍ മരണപ്പെട്ടിട്ടുണ്ട്. കര്‍ഷക സമരം ശക്തമായി തുടരുമ്പോഴും കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരുളളത്.