കേരളം
രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കൊച്ചിയില്‍; ഗതാഗതനിയന്ത്രണം
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍. നാളെ ഉച്ചയ്ക്ക് 1.30നു കൊച്ചിയിലെത്തുന്ന രാഷ്ട്രപതി 17നു തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് മടങ്ങുക.
പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും. തുടര്‍ന്ന് നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ ദ്രൗപദി മുര്‍മു സമ്മാനിക്കും. നാളെ വൈകിട്ട് 4.20നാണു ചടങ്ങ്.
രാത്രി തിരുവനന്തപുരത്തേക്കു തിരിക്കുന്ന രാഷ്ട്രപതി 17നു രാവിലെ 9.30നു ഹെലികോപ്ടറില്‍ കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠത്തിലേക്കു പോകും. തിരികെ തിരുവനന്തപുരത്തെത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീയുടെ പരിപാടിയില്‍ സംബന്ധിക്കും. ഉച്ചയ്ക്കു ലക്ഷദ്വീപിലേക്കു തിരിക്കും. നാളെ കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണമുണ്ട്.