കേരളം
ബഹിരാകാശത്തേക്ക് മലയാളിയും; ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം നയിക്കാൻ പ്രശാന്ത് നായർ
ഇന്ത്യയുടെ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിലെ നാല് ടെസ്റ്റ് പൈലറ്റന്മാരിൽ ഒരു മലയാളിയും. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും മലയാളിയുമായ പ്രശാന്ത് നായർ ഉൾപ്പെടെ നാല് പേരുടെ പേരുകൾ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രശാന്ത് നായരെ കൂടാതെ ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് മറ്റ് മൂന്നു പേർ.
ഇന്ന് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ (VSSC) നടന്ന ചടങ്ങിലാണ് പേരുകൾ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാത്രികരുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് നായർ. നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ് ഇദ്ദേഹം.
പൈലറ്റുമാർ നാല് പേരും ബംഗളൂരുവിലെ ബഹിരാകാശ യാത്രികർക്കുള്ള ട്രെയിനിങ് സെന്ററിൽ പരിശീലനത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ടെസ്റ്റ് പൈലറ്റുമാരുടെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് 2019 സെപ്റ്റംബറിൽ നടന്നിരുന്നു. ആദ്യ ഘട്ടത്തിൽ 12 പേരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. ഇന്ത്യൻ വ്യോമസേനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിനാണ് (IAM) ഈ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. പിന്നീട് ഐഎസ്ആർഒയുടെ ( ISRO) കൂടി മേൽനോട്ടത്തിലാണ് 12 പേരിൽ നിന്നും യോഗ്യരായ 4 പേരെ തിരഞ്ഞെടുത്തത്.
2020ന്റെ തുടക്കത്തിൽ റഷ്യയിലേക്ക് നാല് പേരെയും പരിശീലനത്തിനയച്ചുവെന്നും 2021ൽ പരിശീലനം പൂർത്തിയാക്കി സംഘം മടങ്ങിയെത്തിയെന്നുമാണ് വിവരം. നിലവിൽ സായുധസേനയിൽ ഉൾപ്പെടെ വിവിധ ഏജൻസികളുടെ കീഴിൽ സംഘം പരിശീലനം നേടുന്നുണ്ട്. നിരവധി സിമുലേറ്ററുകൾ കൂടി ഉൾപ്പെടുത്തി പരിശീലനം നടത്താനുള്ള സജ്ജീകരണങ്ങൾ ഐഎസ്ആർഒ ചെയ്യുന്നുണ്ട്.