ദേശീയം
ജമ്മു കശ്മീരിലെ ആദ്യ വനിതാ പാസഞ്ചർ ബസ് ഡ്രൈവർ പൂജാദേവി
സമൂഹമാധ്യമങ്ങളിൽ വൈറലായി ജമ്മു കശ്മീരിലെ ആദ്യ വനിതാ പാസഞ്ചർ ബസ് ഡ്രൈവർ പൂജാദേവി. മൂന്ന് കുട്ടികളുടെ അമ്മയായ പൂജാദേവി വ്യാഴാഴ്ച ജമ്മു- കത്വ റൂട്ടിൽ യാത്രക്കാരെ കയറ്റികൊണ്ടാണ് കർമരംഗത്ത് തുടക്കം കുറിച്ചത്. നിമിഷങ്ങൾക്കകം തന്നെ പൂജാദേവി ബസ് ഓടിക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി.
“എനിക്ക് എല്ലായ്പ്പോഴും ഒരു ബസ് അല്ലെങ്കിൽ ട്രക്ക് ഡ്രൈവർ ആകാൻ ആഗ്രഹമുണ്ടായിരുന്നു. വലിയ വാഹനങ്ങൾ ഓടിക്കുന്ന എന്നെ ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു. ഞാൻ വളരെ പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നും വന്നയാളാണ്. എന്റെ പിതാവ് ഒരു കർഷകനായിരുന്നു. എന്റെ കുടുംബത്തിന് എന്നെ പഠിപ്പിക്കാൻ കഴിഞ്ഞില്ല, പക്ഷേ ഞാൻ തീരുമാനിക്കുകയായിരുന്നു.” പൂജ പറഞ്ഞു.
Read also: ഇന്ത്യയിലെ മദ്യ വ്യവസായ രംഗത്ത് കരുത്തു തെളിയിക്കാന് ആദ്യമായി ഒരു വനിത
ഒരു ബസ് ഡ്രൈവർ ആകുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് പൂജ പറയുന്നത്. തന്റെ സ്വപ്നത്തിലേക്ക് എത്തിപ്പെടാൻ കുടുംബത്തിൽ നിന്നും ഭർത്താവിൽ നിന്നുമുള്ള എതിർപ്പ് ഉൾപ്പെടെ നിരവധി തടസങ്ങൾ അവൾക്ക് നേരിടേണ്ടിവന്നു.
ഡ്രൈവർ ആകാനുള്ള തീരുമാനത്തെ ഭർത്താവ് തുടക്കത്തിൽ എതിർത്തിരുന്നു. ഡ്രൈവിംഗ് സ്ത്രീകൾക്ക് പറ്റിയ നല്ലൊരു തൊഴിലല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ തന്റെ സ്വപ്നങ്ങളെ പിന്തുടരാൻ പൂജാ തീരുമാനിക്കുകയായിരുന്നു. അമ്മാവൻ രജീന്ദർ സിങ്ങിൽ നിന്നുമാണ് ട്രക്ക് ഡ്രൈവിംഗ് പഠിച്ചത്. പിന്നീട് വലിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തു.
“തുടക്കത്തിൽ ഞാൻ കാറുകൾ ഓടിക്കാറുണ്ടായിരുന്നു, പിന്നീട് ഞാൻ ഒരു ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറായി. ടാക്സികളും ഓടിക്കാറുണ്ടായിരുന്നു. പിന്നെ വലിയ വാഹനങ്ങൾ ഓടിക്കാൻ തീരുമാനിച്ചു. രജീന്ദർ സിംഗ് ജി എന്നെ ട്രക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു. ഓടിക്കാൻ ആരും എനിക്ക് ബസ് നൽകില്ലെന്ന് തോന്നിയ ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ജമ്മു-കത്വ ബസ് യൂണിയൻ എന്നിൽ വിശ്വാസം അർപ്പിച്ചു” അവർ പറഞ്ഞു.
പൂജക്കൊപ്പം ഏഴുവയസുകാരൻ മകനും കൂടാറുണ്ട്. അമ്മയെ പിരിഞ്ഞിരിക്കാൻ അവനു വളരെ ബുദ്ധിമുട്ടാണെന്നും വേറെ വഴികളൊന്നും ഇല്ലാതെയാണ് കൂടെകൂട്ടുന്നതെന്നുമാണ് പൂജാ പറയുന്നത്.
നിരവധിപേരാണ് യുവതിയെ പ്രശംസിച്ച് രംഗത്തെത്തിയത്. പൂജാ ദേവിയിൽ അഭിമാനം കൊള്ളൂന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു. കത്വ ജില്ലയിൽ നിന്നുള്ള ആദ്യത്തെ വനിതാ ബസ് ഡ്രൈവർ എന്ന് എല്ലാവരും പറഞ്ഞ് കേൾക്കുമ്പോൾ അഭിമാനമുണ്ടെന്നും പൂജാദേവി പറയുന്നു. ഡ്രൈവിംഗ് ഒരു തൊഴിലായി സ്വീകരിക്കാനുള്ള പൂജാദേവിയുടെ തീരുമാനത്തെ പ്രദേശത്തെ പുരുഷ ഡ്രൈവർമാരും ബഹുമാനിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.