കേരളം
പൊലീസ്- ഗുണ്ടാ ബന്ധം; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡിജിപി
ഗുണ്ടാ സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. റാങ്ക് വ്യത്യാസമില്ലാതെ നടപടിയെടുക്കുമെന്ന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഡിജിപി നിര്‍ദേശിച്ചു. ഗുണ്ടാബന്ധമുള്ളവര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ ഇത്തരം സംഘങ്ങള്‍ക്ക് അവസരം നല്‍കരുതെന്ന് ഡിജിപി പറഞ്ഞു. ഗുണ്ടകളുമായി ബന്ധമുള്ളവരുടെ വിവരം പൊലീസ് ആസ്ഥാനത്ത് നല്‍കണം. കൃത്യമായ നിയമോപദേശം തേടി നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി. ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നതതല യോഗം കഴിഞ്ഞ ആറുമാസത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടുകെട്ടുന്നതു സംബന്ധിച്ച കേസുകളില്‍ വിവിധ ജില്ലകളില്‍ വലിയ പുരോഗതി കഴിഞ്ഞ ആറു മാസത്തിനുളളില്‍ ഉണ്ടായി. ഈ മുന്നേറ്റം ശക്തമായി കൊണ്ടുപോകാന്‍ ലഹരി മരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. കൂടാതെ കാപ്പാ നിയമപ്രകാരമുളള നടപടിക്രമങ്ങളില്‍ നല്ല പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി.
പൊതുജനങ്ങളോടുളള പൊലീസിന്റെ സമീപനം പൊതുവേ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഇപ്പോഴും ഉയരുന്നതായി അഭിപ്രായം ഉയര്‍ന്നു. ഈ പ്രവണത അനുവദിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായി ബന്ധം പുലര്‍ത്തുന്ന ഓഫീസര്‍മാര്‍ക്കെതിരെ എടുത്തുകൊണ്ടിരിക്കുന്ന ശക്തമായ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.