കേരളം
ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും, ചുമത്തിയിരിക്കുന്നത് പത്തിലേറെ വകുപ്പുകൾ
ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ പോക്സോ ഉള്‍പ്പെടെ ഒമ്പതു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊലപാതകം നടന്ന് 35-ാം ദിവമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പടുത്തി 645 പേജുള്ള കുറ്റപത്രമാണ് എറണാകുളം പോക്സോ കോടതിയില്‍ സമര്‍പ്പിച്ചത്. ലൈംഗിക പീഡനത്തിന് ശേഷം തെളിവു നശിപ്പിക്കുക ലക്ഷ്യമിട്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി അതിദാരുണമായി കൊല്ലപ്പെടുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആലുവ മാര്‍ക്കറ്റിലെ ചവറ്റുകൂനയില്‍ തള്ളുകയായിരുന്നു. കേസില്‍ അസ്ഫാക് ആലം മാത്രമാണ് പ്രതി. കൊലപാതകം, ബലാത്സംഗം, തെളിവു നശിപ്പിക്കല്‍, പോക്സോ വകുപ്പു പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
കേസില്‍ 99 സാക്ഷികളാണുള്ളത്. പ്രതിക്കെതിരെ 62 മെറ്റീരിയല്‍ എവിഡന്‍സും ശേഖരിച്ചിട്ടുണ്ട്. പ്രതി അസ്ഫാക് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. ഡിഎന്‍എ പരിശോധന അടക്കമുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ 90 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി.