ദേശീയം
ദക്ഷിണേന്ത്യയില്‍ ആദ്യം; വന്ദേഭാരത് നാളെ മോദി നാടിന് സമര്‍പ്പിക്കും
ദക്ഷിണേന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ-ബംഗളൂരു-മൈസൂര്‍ വന്ദേഭാരത് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് എക്‌സ്പ്രസാണ് ഇപ്പോള്‍ വരുന്നത്. ചെന്നൈയില്‍ നിന്ന് മൈസൂരില്‍ എത്താന്‍ ആറരമണിക്കൂര്‍ മതിയാകും.
ഇന്ത്യയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പരിഷ്‌കരിച്ച പതിപ്പാണിത്. എക്‌സിക്യൂട്ടിവ്, ഇക്കണോമി കാര്‍ എന്നീ രണ്ടു വിഭാഗങ്ങളാണ് ഇതില്‍ ഉണ്ടാവുക. ഇവയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളും റിക്ലൈനര്‍ സീറ്റുകളുമുണ്ടാകും. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കാണ്‍പൂര്‍, വരണാസി എന്നിവിടങ്ങളില്‍ ഇവ മുന്‍പേ അവതരിപ്പിച്ചിരുന്നു.
കര്‍ണാടകയിലെ ബംഗളൂരുവിനെയും മൈസൂരുവിനെയും തമിഴ്നാട് തലസ്ഥാനമായ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഒട്ടേറെ സഞ്ചാരികള്‍ക്ക് ആശ്വാസം പകരും. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ കാംപെയ്‌നിന്റെ ഭാഗമായ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും.ആറര മണിക്കൂറില്‍ അഞ്ഞൂറ് കിലോമീറ്റര്‍ചെന്നൈ-മൈസൂര്‍ വന്ദേഭാരത് ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറില്‍ 75 മുതല്‍ 77 കിലോമീറ്റര്‍ വരെയാണ്.
ഏകദേശം 504 കിലോമീറ്ററാണ് ചെന്നൈയ്ക്കും മൈസൂരിനും ഇടയിലുള്ള ദൂരം. ഇത് താണ്ടാന്‍ ഏകദേശം ആറര മണിക്കൂര്‍ സമയമായിരിക്കും. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ 5.50ന് പുറപ്പെടുന്ന ട്രെയിന്‍ ബംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെആര്‍എസ്) സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം, ഉച്ചയ്ക്ക് 12.30ന് മൈസൂരുവിലെത്തും. തിരിച്ച്, മൈസൂരില്‍ നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് 2.25-ന് ബംഗളൂരുവിലെത്തി രാത്രി 7.35-ന് ചെന്നൈയിലെത്തും.