ദേശീയം
ദ്വിദിന ദേശീയ പണിമുടക്ക്: ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; ഹൈക്കോടതിയിൽ ഹർജി
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്.
പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്നും ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ മാർച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനി, ഞായർ അവധി ദിവസങ്ങളാണ്. പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കാണ്. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ അണിനിരക്കുമെന്നതാണ് നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കാനുള്ള കാരണം.
അതേ സമയം ഓണ്‍ലൈൻ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. ബാങ്കിൽ നേരിട്ടെത്തേണ്ട ആവശ്യക്കാർക്കും ഓണ്‍ലൈൻ ഇടപാട് പരിചയമില്ലാത്തവർക്കും ഇത് പ്രതിസന്ധിയാകും. 30, 31 തിയ്യതികളിൽ പ്രവർത്തിച്ചതിന് ശേഷം വാർഷിക കണക്കെടുപ്പായതിനാൽ ഏപ്രിൽ ഒന്നിന് വീണ്ടും അവധിയായിരിക്കും.