കേരളം
ജനങ്ങളുടെ അവകാശമാണ്; ഫയലുകള്‍ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും മുഖ്യമന്ത്രി
ഫയലുകള്‍ വേഗം തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകളില്‍ വരുന്നവര്‍ ആരുടെയും ഔദാര്യത്തിന് വരുന്നവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന താലൂക്ക് തല അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കരുതലും കൈത്താങ്ങും എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വച്ച് നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ഓരോ ഫയലും ഓരോ ജീവിതമാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വീണ്ടും ഓര്‍മിപ്പിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് ജനങ്ങളും സര്‍ക്കാരും ആഗ്രഹിക്കുന്നത്. ജനങ്ങളുടെ പരാതികള്‍ ഉടന്‍ തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ ഔദാര്യം പ്രതീക്ഷിച്ചല്ല ഓഫീസുകളിലേക്ക് വരുന്നത്. ഉദ്യോഗസ്ഥര്‍ ശരീയായ രീതിയില്‍ ജനങ്ങളോട് പെരുമാറണം. അഴിമതി കാണിക്കുന്നവരോട് സര്‍ക്കാര്‍ ദയ കാണിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ നേതൃത്വത്തിലാണ് കേരളത്തിലെ 78 താലൂക്കുകളിലായി അദാലത്ത് സംഘടിപ്പിക്കുന്നത്. മേയ് 2 മുതല്‍ 8 വരെയാകും അദാലത്ത് നടക്കുക.