കേരളം
പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ; 248പേരുടെ സ്വത്ത് കണ്ടുകെട്ടി; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍
മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയതില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ജില്ല തിരിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയത്. 248 പിഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ജപ്തി നടപടി നടന്നത്. 126 പേരുടെ സ്വത്തുക്കളാണ് ജില്ലയില്‍ കണ്ടുകെട്ടിയത്. കോഴിക്കോട് 22 പേരുടെയും കണ്ണൂരില്‍ 8 പേരുടെയും പാലക്കാട് 23 പേരുടെയും സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്.
മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായ അഞ്ച് കോടി ഇരുപത് ലക്ഷം രൂപയുടെ നഷ്ടം സംഘടനയുടെയും നേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടി ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കി കരട് റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആഭ്യന്തരവകുപ്പ് മുഖേന അഡ്വക്കറ്റ് ജനറലിന് കൈമാറിയിരുന്നു. ഇത് ക്രോഡീകരിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം, ജപ്തി നടപടികള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത മുസ്ലിം ലീഗ് നേതാവിന്റെയും പാലക്കാട് ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട് എസ്ഡിപിഐ നേതാവ് സുബൈറിന്റെ പേരിലും ജപ്തി നോട്ടീസ് നല്‍കിയത് വിവാദമായി.