ദേശീയം
രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഒരു ലിറ്റർ ഡീസലിന് 37 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോൾ വില ലിറ്ററിന് 110 രൂപ 10 പൈസ എത്തിയത്. പാറശ്ശാലയിൽ 103 രൂപ 77 പൈസയാണ് ഡീസൽ വില. കഴിഞ്ഞ 11 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
ഇന്ധനവില വർദ്ധനയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. അടുത്തമാസം 14 മുതൽ 29 വരെ കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തും. പ്രദേശ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുമെന്നും എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്.