കേരളം
ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണം; നിർദേശവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ഉണ്ടാക്കിയ നികുതി നഷ്ടം ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ ജിഎസ്ടി നഷ്ടപരിഹാരത്തിനുളള സമയ പരിധി ദീര്‍ഘിപ്പിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിന് ജിഎസ്ടി കുടിശ്ശികയായി കേന്ദ്രം 750 കോടി രൂപയാണ് നല്‍കാനുള്ളത്. സംസ്ഥാനത്തിന് ലഭിക്കാനുള്ള ജിഎസ്ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല.
ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടായി. 2022 ജൂണ്‍ 30ന് ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിന് 12,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം കൃത്യമായി ലഭിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഡിവിസിബിള്‍ പൂളില്‍ നിന്ന് സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം 1.925% ആയി കുറച്ചതിലൂടെ കേരളത്തിന് 18,000 കോടി രൂപയോളം കുറവുണ്ടായി.
ജിഎസ്ടി കണക്കുകളെല്ലാം കേരളം കൃത്യമായി സമര്‍പ്പിക്കുന്നുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകളും ശരിയായി നടക്കുന്നു. കേരളത്തിനര്‍ഹമായ സാമ്പത്തിക വിഹിതം അനുവദിച്ചു കിട്ടുന്നതിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ നിലപാടു സ്വീകരിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. നികുതി വരുമാനം കൂടുതല്‍ കാര്യക്ഷമമാക്കി പരമാവധി വരുമാനം കണ്ടെത്തുന്നതിനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.