കേരളം
പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്; കാണാതായ വോട്ടുപെട്ടി കണ്ടെത്തി
പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. നേരത്തെ ട്രഷറിയില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തപാല്‍ വോട്ടുകളടങ്ങിയ പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതിനിടെയാണ് മൂന്ന് പെട്ടികളില്‍ ഒന്ന് കാണാതെ പോയത്. രാവിലെ മുതല്‍ നടത്തിയ തെരച്ചലിനൊടുവിലാണ് പെട്ടി കണ്ടെത്തിയത്. എങ്ങനെയാണെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ പെട്ടിയെത്തിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. തദ്ദേശതെരഞ്ഞടുപ്പ് സമയത്ത് പെട്ടി അറിയാതെ ഇവിടെയെത്തിയതാവാം എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അട്ടിമറി ശ്രമം ഉള്‍പ്പടെയുളള ആരോപണങ്ങളുമായി ഇരുവിഭാഗങ്ങളും രംഗത്തെത്തി
2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെപിഎം മുസ്തഫ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോവിഡിന്റെ സാഹചര്യത്തില്‍ 80-ന് മുകളില്‍ പ്രായമുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായി അവസരമൊരുക്കിയിരുന്നു. പ്രത്യേക തപാല്‍ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകള്‍ വോട്ടെണ്ണല്‍ വേളയില്‍ എണ്ണാതെ മാറ്റിവച്ചിരുന്നു.
ക്രമനമ്പര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് ഇവ എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ എണ്ണണമെന്ന് എല്‍ഡിഎഫ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെ നജീബ് കാന്തപുരം തടസ്സവാദഹര്‍ജി നല്‍കിയിരുന്നെങ്കിലും കെ പി എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കേസ് ചൊവ്വാഴ്ച വീണ്ടും കോടതി പരിഗണിക്കും.