ദേശീയം
മണിപ്പൂര്‍ ആക്രമണത്തിന് പിന്നില്‍ ‘പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി’യെന്ന് സൂചന
മണിപ്പൂരില്‍ അസം റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ വിഘടനവാദ ഗ്രൂപ്പായ ‘പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി’യാണെന്ന് സൂചന. എന്നാല്‍ ആക്രണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടന്നത്. 46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലബ് ത്രിപാഠിയും ഭാര്യയും മകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന നാല് സൈനികരും കൊല്ലപ്പെട്ടു.
ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി ട്വിറ്ററില്‍ കുറിച്ചു. സൈനികരുടെ ജീവത്യാഗം രാജ്യം മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.