കേരളം
ഇനി കലോത്സവത്തിനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി
നോൺ വെജ് വിവാദങ്ങൾക്ക് പിന്നിൽ ലോബിയിംഗ് നടക്കുന്നുണ്ടെന്ന് പഴയിടം മോഹനൻ നമ്പൂതിരി. വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു. ഊട്ടുപുരയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായിയെന്നും പഴയിടം പറയുന്നു.
ലോബിയിംഗിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് പഴയിടം മോഹനൻ നമ്പൂതിരി, സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ മാംസ ഭക്ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു. സർക്കാർ പദ്ധതികളിൽ നിന്ന് പിന്മാറുകയാണെന്നും ദേശീയ ശാസ്ത്രമേളയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം അറിയിച്ചു.
സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലാണ്. കലകള്‍ അവതരിപ്പിക്കാനെത്തിയ കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും ജാതിയുടെയും വര്‍ഗീയതയുടെയും വിഷം കുത്തിവയ്ക്കുകയാണ്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ഇത്രയും നാള് അടുക്കളയിലുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമാകുകയും ചെയ്തുവെന്ന് പഴയിടം മോഹനൻ നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞു.
26 മുതൽ തൃശൂരിൽ തുടങ്ങുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്നും പിന്മാറിയെന്നും പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. സംസ്ഥാന സർക്കാരാണ് പരിപാടിയുടെ സംഘാടകർ.