ദേശീയം
പാര്‍ലമെന്റ് സമ്മേളനം നാളെ മുതല്‍; പ്രതിരോധിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം
പാര്‍ലമെന്‍റിന്റെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ധന, കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്തതിലെ വീഴ്ച, കോവിഡ് വാക്സീന്‍ ക്ഷാമം, പ്രക്ഷോഭത്തിന് ഇടയാക്കിയ കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ആയുധമാക്കി ഭരണ പക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം എടുത്തിരിക്കുന്നത്.
പാര്‍ലമെന്‍റ് ചട്ട പ്രകാരം ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി. ആരോഗ്യകരമായ ചര്‍ച്ച സര്‍വ്വകക്ഷിയോഗത്തില്‍ നടന്നെന്നും സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ കക്ഷികളുടെയും പിന്തുണ ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
വൈദ്യുതി ഭേദഗതി ബില്‍, പ്രതിരോധ സര്‍വ്വീസ് ബില്ലടക്കം പുതിയ 17 ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതടക്കം നാല്‍പത്തിയേഴ് ബില്ലുകളാകും സഭയിലെത്തുക. സര്‍വ്വ കക്ഷി യോഗത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു. ഇന്ധന വില വര്‍ധനവും കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും കാര്‍ഷിക നിയമങ്ങളിൽ കർഷകരുടെ പ്രതിഷേധവും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.
കർഷക സമരം പാർലമെന്റിന് പുറത്തും മോദിസർക്കാരിന് തലവേദനയാകും. പാർലമെന്റിന് മുന്നിൽ വ്യാഴ്ച്ച മുതൽ നടത്താൻ തീരുമാനിച്ച ഉപരോധസമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ ആവർത്തിച്ചു. ധർണ മാറ്റിവെയ്ക്കണെമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സാഹചര്യം കണക്കിലെടുത്ത് പാർലമെന്റിന് സമീപമുള്ള ഏഴ് മെട്രോ സ്റ്റേഷനുകൾക്ക് ദില്ലി പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. നാളെ കർഷകരുമായി പൊലീസ് വീണ്ടും ചർച്ച നടത്തിയേക്കും.