കേരളം
അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രസവത്തിനിടെ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പാലക്കാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ മരണകാരണമായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. വാക്യം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് ഐശ്വര്യയെ വെൻ്റിലേറ്ററിലേക്ക് മാറ്റി. രാവിലെയാണ് ഐശ്വര്യ മരിച്ചത്. ഇവരുടെ നവജാത ശിശു ഇന്നലെയും മരിച്ചിരുന്നു. ഇത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.
നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടു. ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മറവു ചെയ്ത കുഞ്ഞിനെ പുറത്തെടുത്തായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാരായ പ്രിയദർശിനി, നിള, അജിത് എന്നിവർക്കെതിരെ ചികിത്സാ പിഴവിന് കേസെടുത്തു.