കേരളം
മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി; മൂന്ന് കടകൾ തകർത്തു
മൂന്നാറിൽ മാട്ടുപ്പെട്ടി എക്കോപോയിന്റിൽ പടയപ്പയുടെ ആക്രമണം. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് കാട്ടാന വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തിയത്. മാട്ടുപ്പെട്ടി എക്കോപോയിന്റിലെ പെട്ടിക്കടകൾ തകർത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ അകത്താക്കുകയായിരുന്നു. അതിനു ശേഷം ആന കാടുകയറി.
ആനയെ കാടു കയറ്റാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും റോഡിൽ നിലയുറപ്പിച്ച ആന ഭക്ഷണ സാധനങ്ങൾ മുഴുവൻ കഴിക്കുകയായിരുന്നു. വഴിമുടക്കിയുള്ള പടയപ്പയുടെ തീറ്റ റോഡിൽ ഏറെ നേരെ ഗതാഗത തടസമുണ്ടാക്കി. ഒരു മാസത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന എക്കോ പോയിന്റിൽ കാട്ടാനകൾ ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് മുറിവാലനെന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി വാഹനങ്ങൾ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചത്. അതിനു പിന്നാലെയാണ് പടയപ്പയുടെ ആക്രമണം. എക്കോ പോയിന്റിലെ വഴിയോരങ്ങളിൽ 100 ലധികം പെട്ടി കടകളാണ് ഉള്ളത്. കടകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ സംരക്ഷിക്കുവാൻ ചില വ്യാപാരികൾ കടയിൽ തന്നെ രാത്രികാലങ്ങളിൽ ചിലവഴിക്കാറുണ്ട്.