ദേശീയം
ഇനി മുന്‍ഗണന ഇല്ല, 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്കാൻ ഉത്തരവായി
സംസ്ഥാനത്ത് 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുന്‍ഗണന നിബന്ധനയില്ലാതെ കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. രോഗബാധിതര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
ജൂണ്‍ 21 മുതല്‍ രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
ഇതിന്റെ ഭാഗമായി വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കോവിഡ് മൂന്നാം തരംഗം വൈകുമെന്ന നിഗമനത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പ്രതിദിനം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. യഥേഷ്ടം വാക്‌സിന്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ നിബന്ധനകള്‍ എടുത്ത് കളഞ്ഞ് എല്ലാവര്‍ക്കും വാക്‌സിന്‍ എളുപ്പം എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.