ദേശീയം
‘ഓപ്പറേഷന്‍ ഗംഗ’ വിജയം; ഇന്ത്യ ചെയ്തത് വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമെന്ന് പ്രധാനമന്ത്രി
യുക്രൈന്‍ ഒഴിപ്പിക്കല്‍ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കോവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുന്നുവെന്നും മോദി പറഞ്ഞു.
‘മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ ബുദ്ധിമുട്ടുന്ന സമയത്ത്, ഞങ്ങളുടെ ആളുകളെ പുറത്തെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.
ലോകത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിച്ചുവരുന്നതിന്റെ തെളിവാണിത്’ മോദി അവകാശപ്പെട്ടു. യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ‘ഓപ്പറേഷന്‍ ഗംഗ’ അവസാന ഘട്ടത്തിലേക്ക് കടന്നതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
അവശേഷിക്കുന്ന വിദ്യാര്‍ത്ഥികളോട് ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ സിറ്റിസെന്ററില്‍ എത്തിച്ചേരാന്‍ എംബസി നിര്‍ദേശിച്ചു. യുക്രൈനില്‍ബാക്കിയുള്ള വിദ്യാര്‍ഥികള്‍ അവരുടെ വിവരങ്ങള്‍ ഓപ്പറേഷന്‍ ഗംഗയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയും നിര്‍ദേശിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 വിദ്യാര്‍ത്ഥികള്‍ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി സര്‍വീസ് നടത്തി, 2,900 പേരെ ഇന്ത്യയില്‍ എത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി.