കേരളം
പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ ജനസാഗരം; പുതുപ്പള്ളിയിലേക്ക് ഇന്ന് അവസാനയാത്ര
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴ് മണിയോടെ ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
ബെംഗളൂരു ചിന്മയമിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. അർബുദ ബാധയേത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ പുതുപ്പള്ളി ഹൗസ്, ദർബാർ ഹാൾ, പാളയം പള്ളി, കെ പി സി സി ആസ്ഥാനം എന്നിവിടങ്ങളിൽ നടന്ന പൊതുദർശനത്തിൽ നിയന്ത്രണാതീതമായി ആളുകൾ ഒഴുകിയെത്തുകയായിരുന്നു.