കേരളം
ഓണ്‍ലൈന്‍ പഠനം; കോട്ടയം ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ അക്ഷയ കേന്ദ്രങ്ങളും
കോട്ടയം ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് വീടുകളില്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായഹസ്തവുമായി അക്ഷയ കേന്ദ്രങ്ങളും സജീവം. ജില്ലാ വിദ്യാഭ്യാസ ഓഫീസുമായും തദ്ദേശഭരണ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് വിവിധ മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളില്‍ പഠനത്തിന് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
മരങ്ങാട്ടുപിള്ളി, കൂട്ടിക്കല്‍ ടൗണ്‍, കോരുത്തോട് അക്ഷയ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയിട്ടുണ്ട്. വയല, മുക്കാട്ടുപടി അക്ഷയ സംരംഭകര്‍ സ്‌കൂളിലും വായനശാലയിലുമായി പഠനത്തിനാവശ്യമായ ടിവിയും കേബിള്‍ കണക്ഷനും സജ്ജീകരിച്ചു നല്‍കി.
ഇതിനു പുറമെ 34 അക്ഷയ കേന്ദ്രങ്ങള്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് അക്ഷയ കേന്ദ്രങ്ങളില്‍ പഠനത്തിന് സൗകര്യമൊരുക്കുന്നത്.