കേരളം
ഫസ്റ്റ് ബെല്ലിന് ഇന്നു തുടക്കം
കോവിഡ് കാലത്ത് അധ്യയനവർഷവും ചരിത്രമാകുകയാണ്. യൂണിഫോമണിഞ്ഞ് ഭാരമേറിയ ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ഈ വർഷമില്ല. അധ്യാപകർ നേരിട്ട് വരാതെയുള്ള ഫസ്റ്റ് ബെൽ ക്ലാസുകൾ ഇന്ന് രാവിലെ 10ന് തുടങ്ങും.
ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ പാഠഭാഗങ്ങൾ നിശ്ചിത സമയക്രമത്തിൽ വിദ്യാഭ്യാസവകുപ്പിന്‍റെ ടെലിവിഷൻ ചാനലായ വിക്ടേഴ്സിലും ലഭ്യമായ മറ്റ് ഓണ്‍ലൈൻ സംവിധാനങ്ങളിലും സംപ്രേഷണം ചെയ്യുകയും കുട്ടികൾ വീട്ടിലിരുന്ന് കാണുകയും ചെയ്യുന്ന രീതിയിലാണ് ഇന്ന് ക്ലാസുകൾ ആരംഭിക്കുന്നത്.
ആവശ്യമായ ഇൻപുട്ടുകളോടെ, വീഡിയോ രൂപത്തിൽ വിദഗ്ധർ അവതരിപ്പിക്കുന്ന ക്ലാസുകളെ സംബന്ധിച്ചുള്ള ചർച്ചയും സംശയദൂരീകരണവും ഓരോ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി അധ്യാപകർ തയ്യാറാക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകളിലാണ് നടക്കുക.
പ്രീ സ്കൂൾ മുതൽ പ്ലസ്ടു വരെ ഓണ്‍ലൈൻ ക്ലാസ്‌സുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സംബന്ധിച്ച് സ്കൂളുകൾക്ക് വിശദമായ മാർഗനിർദ്ദേശങ്ങൾ നൽകിയതായി സമഗ്ര ശിക്ഷാ ജില്ലാ കോ ഒാർഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം അറിയിച്ചു. രാവിലെ 10ന് ഓണ്‍ലൈൻ പ്രവേശനോത്സവം ജില്ലാ വിദ്യാഭ്യാസ മേധാവികൾ, സ്കൂൾ പ്രിൻസിപ്പൽ, ഹെഡ് മാസ്റ്റർ, പിടിഎ/ എംപിടിഎ/ ജനപ്രതിനിധികൾ, ക്ലാസ് ടീച്ചർ എന്നിവരുടെ ആശംസാ സന്ദേശത്തോടെയാണ് ആരംഭിക്കുക.
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന “ഫസ്റ്റ് ബെൽ’ പ്രത്യേക പഠന ക്ലാസുകൾക്കൊപ്പം ജില്ലയിൽ ഓരോ ക്ലാസുകളിലെയും അധ്യാപകരുടെ ഇടപെടൽ കൂടിയുണ്ടാവും.