Covid 19
ഇന്ത്യയിൽ ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ട് ഇന്ന് ഒരു വർഷം
ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തിട്ട് ഇന്നേക്ക് ഒരു വർഷം. 2020 ജനുവരി 30ന് കേരളത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിക്കായിരുന്നു രോഗം ബാധിച്ചത്.
ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ത്ഥികളില്‍ കൂടി രോഗം കണ്ടെത്തിയെങ്കിലും കൂടുതലാളുകളിലേക്ക് പടരാതെ നിയന്ത്രിക്കാൻ സാധിച്ചു. തുടർന്ന് മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ നിരവധിയാളുകൾ രോഗബാധിതരായി.
ജൂലൈ 18ന് രാജ്യത്ത് തന്നെ ആദ്യമായി പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം സ്ഥിരീകരിച്ചു. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതൽ എന്നതുകൊണ്ട് തന്നെ കേരളത്തിൽ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ കേസുകളിൽ 40 ശതമാനത്തിലേറെയും കേരളത്തിലാണ്.
എന്നാൽ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും കേരളത്തിന്റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തിയതിനാലും നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടുന്ന കേരളത്തിന്റെ നട്ടെല്ലായ ആരോഗ്യപ്രവർത്തകർ പരിശ്രമിച്ചതിനാലും സംസ്ഥാനത്ത് മരണനിരക്ക് താരതമ്യേന കുറവാണ്. രാജ്യത്ത് ശരാശരി മരണനിരക്ക് 2.1 ശതമാനമാണെങ്കിൽ, കേരളത്തിൽ അത് 0.42 ശതമാനമാണ്.