ദേശീയം
കേരളത്തിലെ കോവിഡ് നിരക്ക് ആശങ്കാജനകം; മൂന്ന് ദിവസത്തിനകം ഒമൈക്രോണ്‍ കേസുകള്‍ ഇരട്ടിയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍
കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്ക്കുന്നതില് ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കേരളവും മിസോറാമുമാണ് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍.
രാജ്യത്തെ 20 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിനും പത്തുശതമാനത്തിനും ഇടയിലാണ്. ഇതില്‍ ഒന്‍പതെണ്ണവും കേരളത്തിലാണ്. രാജ്യത്തെ രണ്ടു ജില്ലകളില്‍ പത്തുശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് മാധ്യമങ്ങളോട് പറഞ്ഞു.
ഒമൈക്രോണിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി കൂടുതലാണ്. ഒന്നര മുതല്‍ മൂന്ന് ദിവസത്തിനകം ഒമൈക്രോണ്‍ കേസുകള്‍ ഇരട്ടിയാകും. അതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുകയും ജാഗ്രത തുടരുകയും വേണമെന്ന് രാജേഷ് ഭൂഷണ് അറിയിച്ചു.
ഡെല്‍റ്റ വകഭേദത്തിന് ഉപയോഗിക്കുന്ന അതേ ചികിത്സ പ്രോട്ടോകോള്‍ ഒമൈക്രോണിനും ഉപയോഗിക്കാം. എന്നാല്‍ രോഗപ്രതിരോധശേഷിയെ മറികടക്കുന്നതില്‍ ഒമൈക്രോണിനേക്കാള്‍ മുകളിലാണ് ഡെല്‍റ്റ എന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും രാജേഷ് ഭൂഷണ് അറിയിച്ചു.
ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ നൈറ്റ് കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാനങ്ങള്‍ ആലോചിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണം. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് അടക്കം ഒമൈക്രോണിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചതായി രാജേഷ് ഭൂഷണ് അറിയിച്ചു.