ദേശീയം
രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നു
രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 ലക്ഷം ഡോസ് കൂടി നല്‍കിയതോടെയാണ് ഇന്ത്യ വാക്സിന്‍ വിതരണത്തില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്.
ഇന്ന് രാവിലെ 7 മണിവരെ 15,17,963 സെഷനുകളിലായി 10,15,95,147 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.ഇതില്‍ 14,512,352 ആരോഗ്യ പ്രവര്‍ത്തകരും 14,712,824 മുന്‍നിര തൊഴിലാളികളും അറുപത് വയസിന് മുകളിലുള്ള 41,451,836 പേരും 45 വയസില്‍ കൂടുതലുള്ള 30,918,135 പേരും ഉള്‍പ്പെടുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതാദ്യമായാണ് കോവിഡ് പ്രതിദിന കേസുകള്‍ ഒന്നരലക്ഷം കടക്കുന്നത്. 839 മരണങ്ങളും ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തുടര്‍ച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.