ദേശീയം
ഇനി ഫോണ്‍ കോള്‍ വഴി യുപിഐ പണമിടപാട് നടത്താം; പുതിയ ഫീച്ചര്‍
യുപിഐ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. യുപിഐയില്‍ ശബ്ദാധിഷ്ഠിത പണമിടപാട് സംവിധാനമാണ് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അവതരിപ്പിച്ചത്. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഡിജിറ്റല്‍ പേയ്മെന്റ്സ് രംഗത്ത് നടപ്പാക്കിയ പുതിയ പരിഷ്കാരങ്ങളുടെ കൂട്ടത്തില്‍ പുതിയ ഫീച്ചറിനെ കുറിച്ചും വിശദീകരിച്ചു.
ഫോണ്‍ കോളുകള്‍, സെന്‍സറുകള്‍, ഗാഡ്ജറ്റുകള്‍, മെഷീനുകള്‍ തുടങ്ങിയവ അടങ്ങുന്ന ഐഒടി ഡിവൈസുകള്‍ എന്നിവ വഴി യുപിഐ പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധനമാണ് ശബ്ദാധിഷ്ഠിത പണമിടപാട് ഫീച്ചര്‍. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമല്ല, പ്രാദേശിക ഭാഷകളിലും ഇടപാട് നടത്താന്‍ കഴിയുന്ന വിധം സംവിധാനം വിപുലീകരിക്കും. ബില്ലുകള്‍ തരംതിരിക്കുന്നത് അടക്കമുള്ള നടപടികള്‍ ഇത് ലഘൂകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്..
യുപിഐ വഴി ബാങ്കുകള്‍ മുന്‍കൂട്ടി അനുമതി നല്കിയ വായ്പകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ക്രെഡിറ്റ് ലൈന്‍, ഓഫ്ലൈനായി പണം സ്വീകരിക്കാനും അയക്കാനും കഴിയുന്ന യുപിഐ ലൈറ്റ് തുടങ്ങി നിരവധി ഫീച്ചറുകളാണ് യുപിഐയില്‍ അടുത്തിടെയായി വന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ അധിഷ്ഠിത ക്യൂആര്‍ കോഡ് സാങ്കേതികവിദ്യയാണ് മറ്റൊന്ന്. കച്ചവട സ്ഥാപനങ്ങളിലെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ അധിഷ്ഠിത ക്യൂആര്‍ കോഡ് സാങ്കേതികവിദ്യ ടാപ്പ് ചെയ്ത് വേഗത്തില്‍ പണമിടപാട് നടത്താന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍.