ദേശീയം
സ്വകാര്യതാ നയം നടപ്പിലാക്കാൻ “വാട്സ്ആപ്പിനെ ” അനുവദിക്കരുത്; കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍
ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നതില്‍ നിന്ന് വാട്സ്ആപ്പിനെ തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് . 2011ലെ ഐ.ടി ചട്ടങ്ങള്‍ ലംഘിക്കുന്നതാണ് വാട്സ്ആപ്പിന്റെ സ്വകാര്യതാ നയമെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
മാതൃ കമ്പനിയായ ഫേസ്ബുക്കുമായി തങ്ങളുടെ പലവിധ വിവരങ്ങള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടലെടുത്തതോടെ വാട്സ്ആപ്പിന് യൂസര്‍മാരില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. പലരും സിഗ്നല്‍, ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് ചേക്കേറിയാണ് പ്രതിഷേധമറിയിച്ചത്.
നേരത്തെ, സ്വകാര്യതാനയത്തിലെ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് വാട്സ്ആപ്പിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യതാ നയത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സ്വീകാര്യമല്ലെന്നും മാറ്റങ്ങളില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു വാട്സ് ആപ്പിനയച്ച കത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, തങ്ങളുടെ പ്രഖ്യാപനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച തീരുമാനത്തിലാണ് അമേരിക്കന്‍ മെസ്സേജിങ് ആപ്പ്. അതിന്‍റെ ഭാഗമായി അവര്‍, ഇതുവരെ പ്രൈവസി പോളിസി അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷവും സമ്മതമറിയിച്ചില്ലെങ്കില്‍ വാട്സ്ആപ്പ് സേവനം നഷ്മാവും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.