കേരളം
സിഎഎ വിഷയത്തിൽ പുനഃപരിശോധനകൾ സാധ്യമല്ലെന്ന് കേന്ദ്രം
സിഎഎ വിഷയത്തിൽ പുനഃപരിശോധനകൾ ഇനി സാധ്യമല്ലെന്ന് കേന്ദ്രം. സുപ്രീംകോടതിയിൽ ഈ നിലപാട് അറിയിക്കും. നിയമ നിർമ്മാണത്തിന് തുടർച്ചയായി ഉള്ള ചട്ടങ്ങൾ രൂപീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. 1955 ലെ പൗരത്വ ഭേദഗതി നിയമത്തിലെ അപാകതകൾ തിരുത്തുകയാണ് ഇതുവഴി സംഭവിക്കുക. ഏതെങ്കിലും ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടു കൊണ്ടല്ല നടപടികൾ പൂർത്തിയാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കും. സി എ എ വിഷയത്തിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന വിവിധ അപേക്ഷകളിലാണ് കേന്ദ്രം നിലപാട് അറിയിക്കുക.
മുസ്ലീം വിഭാഗക്കാര്‍ വിജ്ഞാപനത്തിന്റെ പേരില്‍ ഭയപ്പെടേണ്ടതില്ലെന്ന് ഇന്നലെ പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ തിരിച്ചയക്കുമെന്ന ഭയം വേണ്ട, ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കാൻ നിലവിൽ ധാരണയൊന്നുമില്ല, ഒരു ഇന്ത്യൻ പൗരനോടും സിഎഎയുടെ അടിസ്ഥാനത്തിൽ രേഖകൾ ചോദിക്കില്ല, ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങൾക്കും നിലവിലുള്ള നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ തടസമില്ല, അയല്‍രാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് സിഎഎ കൊണ്ടുവന്നതെന്നുമാണ് വിശദീകരണക്കുറിപ്പിലൂടെ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.
അതേസമയം പൗരത്വനിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്. വിജ്ഞാപനത്തിനെതിരെ നിയമപരമായി നീങ്ങുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളടക്കം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ ഇന്നും പ്രതിഷേധം സജീവമായി തുടരും. ഇന്നലെ ഡൽഹിയിൽ സര്‍വകലാശാലയില്‍ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.