കേരളം
‘റംസാൻ-വിഷു ചന്ത വേണ്ട, അഞ്ച് കോടി വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്’; തിരഞ്ഞെടുപ്പ് കമ്മീഷൻ
റംസാൻ വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായി റംസാൻ-വിഷു ചന്തകൾ വേണമെന്ന സർക്കാർ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഹൈക്കോടതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്. 280 ചന്തകൾ തുടങ്ങണം എന്ന് ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാൽ കമ്മീഷൻ അനുമതി നിഷേധിക്കുകയായിരുന്നു.
ഭരണത്തിൽ ഇരിക്കുന്നവർക്ക് ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കാനുള്ള ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ല എന്നും അത് മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. റംസാൻ വിഷു ചന്ത തുടങ്ങുന്നതിലൂടെ അത് അഞ്ച് കോടി വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് അതിന് അനുമതി നിഷേധിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരായ കൺസ്യൂമർഫെഡിൻ്റെ ഹർജി വ്യാഴാഴ്ച വീണ്ടും കോടതി പരിഗണിക്കും.
മൂന്നാഴ്ച മുമ്പാണ് കൺസ്യൂമർഫെഡ് റംസാൻ-വിഷു ചന്തകൾക്ക് അപേക്ഷ നൽകിയത്. അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടൽ സംശയിക്കുന്നുണ്ടെന്നാണ് സർക്കാർ പ്രതിനിധികളുടെ ആരോപണം.