കേരളം
അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാകില്ല; എങ്ങോട്ടു മാറ്റണമെന്ന് സര്‍ക്കാരിനു തീരുമാനിക്കാമെന്ന് ഹൈക്കോടതി
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. അരിക്കൊമ്പനെ കൂട്ടിലടയ്ക്കനാകില്ലെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ആനയെ മാറ്റണമെന്നും കോടതി പറഞ്ഞു. അവധി ദിവസം വിഷയം പരിഗണിക്കണമെന്ന് കോടതി അറിയിച്ചു. പറമ്പിക്കുളം സംബന്ധിച്ച് എതിര്‍പ്പ് ഉണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കൂവെന്നും കോടതി പറഞ്ഞു. ആനയെ മാറ്റേണ്ടത് അനിവാര്യമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
ആനയെ മാറ്റാന്‍ അനിവാര്യമായ മറ്റൊരു സ്ഥലം കണ്ടെത്തിയിട്ടില്ലെന്നാണ് കോടതി അറിയിക്കുന്നത്. മറ്റൊരിടത്തേക്ക് മാറ്റണമെന്നാണെങ്കില്‍ അത്തരമൊരു സ്ഥലം നിര്‍ദേശിക്കണമെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ മറ്റൊരു സ്ഥലം നിര്‍ദേശമായി മുന്നോട്ടുവച്ചാല്‍ കോടതി അത് പരിഗണിക്കാം. പറമ്പിക്കുളക്കേത്ത് ആനയെ മാറ്റണമെന്നത് കോടതിയുടെ തീരുമാനമല്ല. വിദഗ്ധ സമിതിയാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. അരിക്കൊമ്പന് വസിക്കാന്‍ അനുയോജ്യമായ ആവാസവ്യവസ്ഥയുള്ള സ്ഥലമാണ് പറമ്പിക്കുളമെന്നും കോടതി ചൂണ്ടിക്കാട്ടി.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് അശാസ്ത്രീയമെന്നായിരുന്നു പുനപരിശോധനാ ഹര്‍ജികളിലെ വാദം. വനവാസികള്‍ ഉള്‍പ്പടെ പറമ്പിക്കുളം നിവാസികള്‍ ആശങ്കയിലാണ്. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റിയാല്‍ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് വിദഗ്ധ സമിതി പരിഗണിച്ചിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യം പറമ്പിക്കുളത്തെ ജനജീവിതം താറുമാറാക്കുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം പറമ്പി കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവ്.