ദേശീയം
പാചക വാതകം തീരുന്നത് അറിയാം: പുതിയ സ്മാർട്ട് എൽപിജി സിലിണ്ടർ വരുന്നു
![](https://citizenkerala.com/wp-content/uploads/2021/10/image.webp)
സിലിണ്ടറിൽ എത്ര പാചക വാതകം ബാക്കിയുണ്ടെന്ന് അറിയാൻ ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. ഗ്യാസ് എത്ര ഉപോയഗിച്ചുവെന്നും കൃത്യമായി അറിയാം. അതിന് സൗകര്യമുള്ള സ്മാർട്ട് എൽപിജി സിലിണ്ടർ ഇന്ത്യൻ ഓയിൽ കോർപറേഷൻ പുറത്തിറക്കി.
ഭാരംകുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമാണ് പുതിയ സിലിണ്ടർ. മൂന്ന് പാളികളിൽ നിർമിച്ചിരിക്കുന്നതിനാൽ കൂടുതൽ സുരക്ഷയുള്ളതുമാണ്. ഉയർന്ന സാന്ദ്രതയുള്ള പോളിഎത്തലീൻ(എച്ച്ഡിപിഇ), ഫൈബർ ഗ്ലാസ് എന്നിവകൊണ്ടാണ് സിലിണ്ടർ നിർമിച്ചിട്ടുള്ളത്. പുതിയ സിലിണ്ടർ അടുക്കളക്ക് ഇനി അലങ്കാരവുമാകും. ഉപരിതലത്തിൽ പാടുകളോ തുരുമ്പോ ഉണ്ടാകില്ല. ആകർഷകമായി രൂപകല്പന ചെയ്തതുമാണ്.
നിലവിൽ അഹമ്മദാബാദ്, അജ്മീർ, അലഹബാദ്, ബെംഗളുരു, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡാർജലിങ്, ഡൽഹി, ഫരീദാബാദ്, ഗുരുഗ്രാം, ഹൈദരാബാദ്, ജയ്പൂർ, ജലന്ധർ, ജംഷഡ്പൂർ, ലുധിയാന, മൈസൂർ, പട്ന, റായ്പൂർ ഉപ്പടെ 28 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ സിലിണ്ടർ ലഭിക്കുക. വൈകാതെ മറ്റുനഗരങ്ങളിലും സിലിണ്ടർ വിതരണംതുടങ്ങും.
പത്ത് കിലോഗ്രാമിന്റെ സിലിണ്ടറിന് 3,350 രൂപയും അഞ്ച് കിലോഗ്രാമിന്റേതിന് 2,150 രൂപയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.