ദേശീയം
50 ശതമാനം ജീവനക്കാർ എത്തണം; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ മാർഗ്ഗ നിർദ്ദേശം
കേന്ദ്രസർക്കാർ ജീവനക്കാരോട് ജോലിയിൽ ഹാജരാകാൻ കേന്ദ്രസർക്കാർ നിർദേശം. രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം.
ജൂൺ 16 മുതൽ ജൂൺ 30 വരെ ഓഫീസിൽ എത്താനാണ് കേന്ദ്രസർക്കാരിന്റെ അറിയിപ്പ്. അണ്ടർ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവരോടാണ് നിർദേശം.
അണ്ടർ സെക്രട്ടറി തസ്തികയ്ക്ക് താഴെ തലങ്ങളിൽ ജോലി ചെയ്യുന്നവരിൽ പകുതി പേർ ഓഫീസിൽ എത്തിയാൽ മതി. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അവശേഷിക്കുന്നവർ വർക്ക് ഫ്രം ഹോം മാതൃകയിൽ ജോലി ചെയ്യണം. ഭിന്നശേഷിക്കാരും ഗർഭിണികളും സമാനമായ നിലയിൽ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നും മാർഗനിർദേശത്തിൽ പറയുന്നു.
നിലവിൽ രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണ്. തുടർച്ചയായ ഏഴാം ദിവസവും ഒരു ലക്ഷത്തിൽ താഴെയാണ് പ്രതിദിന കൊവിഡ് ബാധിതർ. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതുക്കിയ മാർഗനിർദേശം നൽകിയത്.