ദേശീയം
പുതിയ കോവിഡ് വകഭേദം കണ്ടെത്തി, മഹാരാഷ്ട്രയിൽ കൂടുതൽ പരിശോധന വേണമെന്ന് ശാസ്ത്രജ്ഞൻ
കൊറോണ വൈറസിന്റെ പുതിയ വകഭേദം മഹാരാഷ്ട്രയിൽ കാണപ്പെടുന്നതായി ശാസ്ത്രജ്ഞർ. വൈറസിന്റെ സ്വഭാവം നിരീക്ഷിച്ചുവരികയാണെന്നും ആളുകളെ എത്ര വേഗം അവ ബാധിക്കും എന്നറിയാൻ കൂടുതൽ സൂക്ഷമനിരീക്ഷണം ആവശ്യമാണെന്നും മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ടി പി ലഹാനെ പറഞ്ഞു. പുതിയ വകഭേദത്തിന്റെ സംക്രമണം തിരിച്ചറിയാൻ കൂടുതൽ പഠനം ആവശ്യമാണെന്നും ഇപ്പോൾ നിരീക്ഷണങ്ങൾ പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ശാസ്ത്രജ്ഞർ ഇതിനായി ജീൻ സീക്വൻസിംഗ് നടത്തുന്നുണ്ടെന്നും 10 മുതൽ 15 ദിവസത്തിനുള്ളിൽ ഫലം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ നടപടികളുടെ കാര്യത്തിൽ അടുത്തിടെ കൂടുതൽ ആയവ് വരുത്തിയെന്ന അഭിപ്രായമാണ് ഡോ. ലഹാനെ പങ്കുവച്ചത്. യന്ത്രണങ്ങളിൽ ഇളവു വരുത്തിയതാകാം ഇപ്പോൾ വൈറസ് ബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്നും കോവിഡിന്റെ പുതിയ വകഭേദം രോഗികൾ കൂടാൻ ഇടയാക്കിയെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമരാവതി, അകോല, യവത്‌മൽ ജില്ലകളിൽ തുടർച്ചയായ പരിശോധന നടത്തിയതിൽ നിന്നാണ് പുതിയ വകഭേദത്തിന്റെ സൂചനകൾ ലഭിച്ചത്. അമരാവതിയിലും യവത്മാലിലും മൂന്ന് പേർക്ക് വീതവും അകോലയിൽ രണ്ട് പേരിലുമാണ് മ്യൂട്ടേഷനുകൾ കണ്ടെത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും കണ്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 5000ത്തിലധികം കേസുകൾ രേഖപ്പെടുത്തി, 75 ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏറ്റവും പുതിയ ഉയർന്ന നിരക്കാണിത്. മുംബൈയിൽ തുടർച്ചയായ രണ്ടാം ദിവസത്തിൽ 700 ലധികം കേസുകൾ രേഖപ്പെടുത്തിയത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതരെ പ്രേരിപ്പിക്കുന്നതാണ്.