ദേശീയം
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട് വിവാദം; NTA ഡയറക്ടർ ജനറലിനെ നീക്കി
രാജ്യവ്യാപകമായി നീറ്റ്, നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നും സുബോധ് കുമാർ സിങ്ങിനെ നീക്കി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ് കരോളയ്ക്ക് പകരം ചുമതല നൽകി.
ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ് പ്രദീപ് സിങ് കരോളെ. എൻടിഎയുടെ ഡയറക്ടറൽ ജനറൽ സ്ഥാനം അധിക ചുമതലയായാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെയാണ് നിയമനം എന്ന് കേന്ദ്രം ഉത്തരവിൽ വ്യക്തമാക്കി.
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രതിപക്ഷവും ശക്തമായി രംഗത്തുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടിയന്തര നടപടിയെന്നോണം എൻടിഎ ഡയറക്ടർ ജനറലിനെ കേന്ദ്രം നീക്കിയിരിക്കുന്നത്.
ഇതിനിടെ, നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങളെ പ്രതിഷേധം ശക്തമാകുന്നതിനിടെ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ മുൻ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ദേശീയ പരീക്ഷ ഏജൻസികളുടെ പിഴവുകളും സമിതി പരിശോധിക്കും.
പരീക്ഷ നടത്തിപ്പ്, ഡാറ്റ സുരക്ഷ പ്രോട്ടോക്കോൾ മെച്ചപ്പെടുത്തൽ, എൻടിഎയുടെ ഘടനയും പ്രവർത്തനവും മെച്ചപ്പെടുത്തൽ എന്നിവയിൽ സമിതി പഠനം നടത്തും. ഹൈദരാബാദ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബി ജെ റാവു, ഡൽഹി എയിംസ് മുൻ ഡയറക്ടർ രൺദീപ് ഗുലേറിയ എന്നിവരടക്കം സമിതിയിലുണ്ട്. രണ്ട് മാസത്തിനകം സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം ഇന്ന് (ഞായറാഴ്ച) നടത്താൻ നിശ്ചിയിച്ചിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തു വന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് പരീക്ഷകൾ മാറ്റി വയ്ക്കുന്നതെന്നു മന്ത്രാലയം പറഞ്ഞു.