ദേശീയം
നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടിവെച്ചേക്കും, ജെഇഇ മെയ്ന്‍ ഓഗസ്റ്റില്‍ നടന്നേക്കും
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മാറ്റിവെച്ച അവശേഷിക്കുന്ന ജെഇഇ മെയ്ന്‍ പരീക്ഷ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്താന്‍ ആലോചിക്കുന്നതായി റിപ്പോർട്ട്. ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയാണ് ജെഇഇ മെയ്ന്‍.
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബറിലേക്ക് നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. രാജ്യത്തെ കോവിഡ് സാഹചര്യം വിദ്യാഭ്യാസ മന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ജെഇഇ മെയ്ന്‍ പരീക്ഷയുടെ വിവിധ ഘട്ടങ്ങള്‍ മാറ്റിവെച്ചത്. ജൂലൈ അവസാനമോ ഓഗസ്റ്റ് മാസം ആദ്യമോ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. രണ്ട് പരീക്ഷകള്‍ തമ്മില്‍ 14 ദിവസത്തെ ഇടവേള നിശ്ചയിച്ച് പരീക്ഷ നടത്തുന്ന കാര്യമാണ് ആലോചിക്കുന്നത്. നീ്റ്റ് പരീക്ഷ സെപ്്റ്റംബറിലേക്ക് നീണ്ടേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഈ അക്കാദമിക വര്‍ഷം മുതല്‍ നാലു തവണയായി ജെഇഇ മെയ്ന്‍ പരീക്ഷ നടത്താനാണ് തീരുമാനിച്ചത്. കുട്ടികളുടെ സൗകര്യം കണക്കിലെടുത്തും ഫലം മെച്ചപ്പെടുത്താനും ഇത് ഉതകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഒന്നും രണ്ടും ഘട്ട പരീക്ഷ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നടന്നത്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് മൂന്നും നാലും ഘട്ട പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇതാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. ഐഐടി, എന്‍ഐടി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ജെഇഇ മെയ്ന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
ഓഗസ്റ്റ് ഒന്നിനാണ് നീറ്റ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. മെയ് ഒന്നിന് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കാനിരിക്കേയാണ് കോവിഡ് വ്യാപനം രൂക്ഷമായത്. തുടര്‍ന്ന് താത്കാലിമായി നീട്ടിവെയ്ക്കുകയായിരുന്നു. സെപ്റ്റംബറിലേക്ക് നീറ്റ് പരീക്ഷ നീട്ടിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.