കേരളം
കേരളത്തിൽ നക്സല്‍ സ്വാധീന ബൂത്തുകള്‍ 298; നിരീക്ഷിക്കാൻ കേന്ദ്രസേന
കേരളത്തിൽ നക്സല്‍ സ്വാധീന ബൂത്തുകള്‍ 298 ആണ്. നക്സല്‍ സ്വാധീനമുള്ള സംസ്ഥാനത്തെ ഒന്‍പതു മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ നിയമസഭാ വോട്ടെടുപ്പ് വൈകുന്നേരം ആറു വരെ മാത്രമായിരിക്കും. ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെ 298 ബൂത്തുകളിലാണ് നക്സല്‍ ഭീഷണിയെ തുടര്‍ന്നു വോട്ടെടുപ്പു സമയം ഒരു മണിക്കൂര്‍ കുറച്ചത്.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ (വയനാട് ജില്ല), ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ (മലപ്പുറം), കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ (പാലക്കാട്) എന്നീ മണ്ഡലങ്ങളിലാണ് നക്സല്‍ സ്വാധീന ബൂത്തുകള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പു സമയം നിശ്ചയിച്ചിരിക്കുന്നത്.
നക്സല്‍ ഭീഷണി നിലനില്‍ക്കുന്ന മണ്ഡലങ്ങളില്‍ പൂര്‍ണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇത്തരം ബൂത്തുകളുടെ നിയന്ത്രണം ഇപ്പോള്‍ തന്നെ കേന്ദ്രസേനയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിര്‍ത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കാന്‍ എക്സൈസ് തീരുമാനം എടുത്തിരിക്കുകയാണ്.
അനധികൃതമായി മദ്യം, മയക്കുമരുന്ന്, പണം എന്നിവ അതിര്‍ത്തി പ്രദേശങ്ങളിലൂടെ ജില്ലയിലെത്തുന്നത് തടയാന്‍ തമിഴ്നാട് എക്സൈസ്, പോലീസ് വകുപ്പുകളുമായി സഹകരിച്ച് ജോയിന്റ് പട്രോളിംഗ് നടത്തും.
സ്പിരിറ്റ് കടത്തുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പട്രോളിംഗ് കാര്യക്ഷമമാക്കും. കൂടുതല്‍ സേനയെ വിന്യസിച്ച് ചെക്ക്പോസ്റ്റുകള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.