ദേശീയം
സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; ചൊവ്വാഴ്ച രാജ്യവ്യാപക സത്യഗ്രഹത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്ന ചൊവ്വാഴ്ച സംസ്ഥാനങ്ങളിൽ സത്യാഗ്രഹം സംഘടിപ്പിക്കാൻ എ.ഐ.സി.സി നിർദേശം. എം.പിമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സി.ഡബ്ല്യു.സി അംഗങ്ങൾ തുടങ്ങിയവർ ഡൽഹിയിൽ സത്യാഗ്രഹമിരിക്കും.
സോണിയ ഗാന്ധി ചൊവാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. കഴിഞ്ഞ ചോദ്യം ചെയ്യലിൽ മൂന്ന് മണിക്കൂർ സംസാരിച്ച ശേഷം സോണിയയെ വിട്ടയച്ചിരുന്നു. യങ്ങ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന ചോദ്യങ്ങൾ സോണിയയോട് ഇ.ഡി ചോദിച്ചതായാണ് വിവരം.
ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആസ്ഥാനത്തും ഡൽഹിയിലും വൻ പ്രതിഷേധമാണ് കോൺഗ്രസ് ഉയര്‍ത്തിയത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഇ.ഡി ചുരുക്കിയത്.
നേരത്തേ, ജൂൺ 8ന് ഹാജരാകാനാണ് സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊറോണ രോഗബാധിതയായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വിശദമായി ചോദ്യം ചെയ്തു.