ദേശീയം
രാജ്യത്ത് ഇന്നലെയും 40,000ലേറെ കോവിഡ് രോഗികള്‍, ചികിത്സയിലുള്ളവര്‍ നാലുലക്ഷത്തിന് മുകളില്‍
രാജ്യത്ത് ഇന്നലെയും 40,000ലേറെ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 41,383 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,12,57,720 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 507 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ മരണസംഖ്യ 4,18,987 ആയി ഉയര്‍ന്നു. നിലവില്‍ 4,09,394 പേരാണ് ചികിത്സയിലുളളതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 38,652 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,04,29,339 ആയി ഉയര്‍ന്നു. നിലവില്‍ 41,78,51,151 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി ഇരുപത്തിയേഴ് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5.45 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 41.41 ലക്ഷം കടന്നു. നിലവിൽ ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.
ബ്രസീലിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത്. 54,748 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷമായി. 5.45 ലക്ഷം പേർ മരിച്ചു. അമേരിക്കയിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. അരലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അൻപത്തിയൊന്ന് ലക്ഷം കടന്നു. 6.25 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർ രോഗമുക്തി നേടി.