കേരളം
പ്രധാനമന്ത്രി നാളെ എത്തും; സംസ്ഥാനത്ത് അതീവ സുരക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് നാളെ തുടക്കം. തിങ്കളാഴ്ച പ്രധാനമന്ത്രി കൊച്ചിയിലെത്തും. സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.
യുവം സമ്മേളനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വാട്ടർമെട്രോ, വന്ദേഭാരത് ട്രെയിൻ എന്നിവയുടെ ഫ്ലാഗ് ഓഫ് ചെയ്യും. യുവം പരിപാടിക്കിടെ ക്രൈസ്ത്രവ മതമേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും സിറോ മലബാർ, മലങ്കര, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, കർദായ ക്ലാനായ കത്തോലിക്ക സഭ, ക്ലാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയൻ കൽദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.
യുവം സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും മോദിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദൻ, കന്നഡ താരം യഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ എന്നിവർ പങ്കെടുക്കും.നരേന്ദ്ര മോദിയുടെ സന്ദർശനം മുൻനിർത്തി ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ വന്ദേഭാരത് ഉദ്ഘാടനം നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിൽ നിന്ന് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. നിരവധി ട്രെയിനുകൾ വൈകിയോടും.യാത്രക്കാർക്കും കർശന നിയന്ത്രണമുണ്ടാകും. ചടങ്ങു നടക്കുമ്പോൾ വന്ദേഭാരത് എക്സ്പ്രസ് അല്ലാതെ മറ്റൊരു തീവണ്ടിയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടില്ല.