ദേശീയം
സുരക്ഷാ സേന വെടിവെപ്പ്; അന്വേഷണത്തിന് അഞ്ച് അംഗ സംഘത്തെ നിയോഗിച്ച് സർക്കാർ
നാഗാലാൻഡ് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ച് അംഗ സംഘത്തെ നിയോഗിച്ചു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ അസം റൈഫിൾസ് ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണം ഉണ്ടായി. സംഭവത്തിന് പിന്നാലെ മേഖലയിലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി.
സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് കൊഹിമയിലെ ഹോൺബിൽ ഫെസ്റ്റിവൽ റദ്ദാക്കി. 200 പേരടങ്ങിയ സംഘമാണ് അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. ക്യാമ്പിന് തീയിടാന്‍ ശ്രമം നടന്നു. ആകാശത്തേക്ക് വെടിവച്ച് അക്രമാസക്തരായ നാട്ടുകാരെ വിരട്ടിയോടിക്കുകയായിരുന്നുവെന്ന് അസം റൈഫിള്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.
വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ 12 നാട്ടുകാരും ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ മേഖലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. കടകള്‍ തീയിട്ട് നശിപ്പിച്ചു.
സമാധാനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ വ്യക്തമാക്കി. ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. സൈന്യത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.