ദേശീയം
മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്ഫോടന വസ്തുക്കൾ നിറച്ച വാഹനം; മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും വധഭീഷണി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും വധഭീഷണി. മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍നിന്നു ലഭിച്ച കുറിപ്പിലാണ് ഭീഷണി.
ഇത്തവണ ഇതു ബന്ധിപ്പിച്ചിട്ടില്ല, പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും എന്നാണ് ഹിന്ദിയില്‍നിന്ന് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്ത കുറിപ്പില്‍ ഉള്ളത്. സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കത്തക്ക തരത്തില്‍ ബന്ധിപ്പിച്ചിട്ടില്ല എന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. കുറിപ്പില്‍ നിറയെ അക്ഷരത്തെറ്റുകളായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഇന്നു രാവിലെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയ്ക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി. 27നിലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആഡംബര വസതിയായ ആന്റിലയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലത്തിലായാണ് വ്യാഴാഴ്ച വൈകുന്നേരം വാഹനം കണ്ടെത്തിയത്.
ഈ വാഹനത്തില്‍ ആരും ഇല്ലായിരുന്നു .വാഹനത്തിനകത്ത് ഉഗ്രശേഷിയുള്ള സ്ഫോടനം നടത്താന്‍ കെല്‍പുള്ള ജെലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. 20 ഓളം ജെലാറ്റിന്‍ സ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഈ വാഹനം ഇവിടെ പാര്‍ക്ക് ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പറയുന്നു.
വാഹനത്തിനുള്ളില്‍ കൂടുതല്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളം ഡ്രൈവര്‍ പുറത്തിറങ്ങാതെ വാഹനത്തില്‍ തന്നെയിരുന്നുവെന്നും സിസിടിവി ദൃശ്യ പരിശോധനയില്‍നിന്നു വ്യക്തമായി. വാഹനം ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ ശക്തമായ അന്വേഷണമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.