ദേശീയം
യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നീക്കം തുടങ്ങി
സംഘർഷസാധ്യത നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കം തുടങ്ങി. 242 യാത്രക്കാരുമായി പ്രത്യേക വിമാനം കീവിൽ നിന്ന് തിരിച്ചു. അൽപസമയത്തിനകം വിമാനം ദില്ലിയിലെത്തും.
വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുക്രൈനിലെ സാഹചര്യത്തിൽ ആശങ്ക ഉണ്ടെന്ന് ഇന്ത്യ ഇന്ന് ഐക്യരാഷ്ട്രരക്ഷാസമിതി യോഗത്തെ അറിയിച്ചു. വിഷയം നയതന്ത്ര വഴിയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന രണ്ടു പ്രവിശ്യകളിലേക്ക് റഷ്യ (Russia) സൈനിക നീക്കം തുടങ്ങി. ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം അതിർത്തി കടന്നതോടെ ലോകം യുദ്ധ ഭീതിയിലായി. 2014 മുതൽ യുക്രൈനുമായി വിഘടിച്ച് നിൽക്കുന്ന വിമത മേഖലയായ ഡൊണസ്കിലേക്ക് ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം പ്രവേശിച്ചു. രാജ്യത്തോടായി ഇന്നലെ നടത്തിയ ഒരു മണിക്കൂർ നീണ്ട ടെലിവിഷൻ അഭിസംബോധനയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഈ സൈനിക നീക്കം പ്രഖ്യാപിച്ചിരുന്നു. യുക്രൈന് ഒരിക്കലും ഒരു സ്വതന്ത്ര രാജ്യത്തിന്‍റെ സ്വഭാവം ഉണ്ടായിരുന്നില്ലെന്ന് പുടിൻ പറഞ്ഞു.