കേരളം
യുവതിയും ഒന്നര വയസുള്ള കുഞ്ഞും ട്രെയിൻ തട്ടി മരിച്ചനിലയിൽ
അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചനിലയിൽ. എറണാകുളം ആലുവയ്ക്കടുത്ത് പുറയാറിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ ട്രാക്കിന് സമീപത്തായി കണ്ടെത്തിയത്.
ചൊവ്വര എടനാട് നെടുമ്പിള്ളി വീട്ടിൽ ബാലകൃഷ്ണന്റെ മകൾ ഷീജ (36), മകൻ ഒന്നര വയസുകാരൻ ആദവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭർത്താവ് അരുൺകുമാർ ഏതാനും ദിവസങ്ങൾക്കുമുൻപ് ആത്മഹത്യ ചെയ്തിരുന്നു. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ആലുവ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.