ദേശീയം
ലോകത്തിന് പ്രതീക്ഷയായി ഇന്ത്യ; ആറിലേറെ കൊവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യയില്‍ നിന്ന് ആറിലേറെ പുതിയ കൊവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. ഇന്ത്യയില്‍ ഉൽപ്പാദിപ്പിച്ച കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഷര്‍ഷ കേന്ദ്രമന്ത്രി പറഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അവരുടെ അധ്വാനം കൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്.
കൊവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ എന്‍ഐആര്‍ഇഎച്ചിലെ പുതിയ ഗ്രീന്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യ ഇതുവരെ രണ്ട് വാക്‌സിനുകളാണ് വികസിപ്പിച്ചത്. ഇപ്പോഴത് 71 രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ അയക്കുന്ന രാജ്യങ്ങളില്‍ ബ്രസീല്‍, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളും അവികസിത രാജ്യങ്ങളും ഉള്‍പ്പെടുന്നു.
ശനിയാഴ്ച വരെ രാജ്യത്ത് 1.84 കോടി വാക്‌സിന്‍ ഷോട്ടുകള്‍ എടുത്തുകഴിഞ്ഞു. വെള്ളിയാഴ്ച മാത്രം 20 ലക്ഷം വാക്‌സിന്‍ ഡോസുകളും നല്‍കി.വാക്‌സിന്‍ വിതരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രി പറഞ്ഞു. ഓക്‌സ്ഫഡ്-ആസ്ട്രസെനക്കയുടെ സഹായത്തോടെ വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ തുടങ്ങിയവയ്ക്കാണ് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുള്ളത്.
അതേസമയം ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമാകുകയാണ്. മഹാരാഷ്ട്രയിലെ കൊവിഡ് സ്ഥിതിയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. വളരെ ഗൗരവമേറിയ വിഷയമാണിത്. ഇതിൽ നിന്നും രണ്ട് പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കാൻ സാധിക്കും. ഒന്ന്, കൊറോണ വൈറസിനെ നിസ്സാരമായി കാണരുത്. രണ്ട്, കൊവിഡ് ഇല്ലാത്തവരായി ജീവിക്കണമെങ്കിൽ അതനുസരിച്ചുള്ള പെരുമാറ്റം അത്യാവശ്യമാണ്. ഡോ വി കെ പോൾ പറഞ്ഞു.