ദേശീയം
ഗുജറാത്തിലെ മോർബി പാലം ദുരന്തം: മരണം 132; പരിക്കേറ്റവർ 170 ലധികം
ഗുജറാത്തിലെ മോർബിയിൽ പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 132 ആയെന്ന് ഗുജറാത്ത് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ്. 170 ഓളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കാർ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ എസ്ഐടി രൂപീകരിച്ചു. എഞ്ചിനീയറിങ് വിദഗ്ദ്ധരടക്കം സംഘത്തിലുണ്ടാക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടം നടന്ന സ്ഥലത്തെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് 1879 ൽ മച്ഛു നദിക്ക് കുറുകെ നിർമ്മിച്ചതാണ് ഈ പാലം. അറ്റകുറ്റപ്പണികൾ കഴിഞ്ഞ് അഞ്ച് ദിവസം മുൻപാണ് ഇത് ജനത്തിന് തുറന്ന് കൊടുത്തത്. പിന്നാലെയുണ്ടായ വലിയ ദുരന്തം രാജ്യത്തിന് തന്നെ നോവായി മാറി.
അപകടം നടക്കുന്ന സമയത്ത് അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരുമടക്കം രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മോർബി നഗരത്തിൽ ബന്ദ് ആചരിക്കും. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന മോർബി സിവിൽ ആശുപത്രിയിൽ കൂട്ടക്കരച്ചിലുകളാണ് ഉയരുന്നത്. ദുരന്തം മനുഷ്യ നിർമ്മിതമെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി.