കേരളം
സദാചാര ആക്രമണം; എട്ട് പ്രതികൾ, കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്
സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ എട്ട് പ്രതികൾ. ഇവരെ കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. ഇരിങ്ങാലക്കുട റൂറൽ എസ് പി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പ്രതികളിലൊരാളായ രാഹുൽ വിദേശത്ത് പോയി. ഒരു സ്ത്രീയെ സംബന്ധിച്ച വിഷയമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. അത് വിശദമായി പരിശോധിക്കുന്നുണ്ടെന്നും അവരെ ചോദ്യം ചെയ്യുമെന്നും എസ് പി പറഞ്ഞു. അറസ്റ്റ് വൈകിയതിലെ വീഴ്ച പരിശോധിക്കുമെന്നും എസ് പി ഐശ്വര്യ ഡോങ്റേ വ്യക്തമാക്കി.
തൃശൂർ – തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ (32) ആണ് സദാചാര ആക്രമണത്തെ തുടർന്ന് ഗുരുതര പരിക്കുകളുമായി ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിൽസയിലിരിക്കെയാണ് മരണം. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
മർദ്ദനത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളിൽ ക്ഷതമേറ്റിരുന്നുവെന്നും, പാൻക്രിയാസിൽ പൊട്ടലുണ്ടായിരുന്നുവെന്നുമാണ് ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്ലീഹ ശസ്ത്രക്രിയയിൽ നീക്കം ചെയ്യേണ്ടിയും വന്നിരുന്നു. കഠിനമായ വേദനയെ തുടർന്നാണ് സഹറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.