കേരളം
സാമ്പത്തിക തട്ടിപ്പു കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതി ചേർക്കപ്പെട്ട കെ സുധാകരൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. കേസ് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നുമാണ് കെ സുധാകരൻ്റെ ആവശ്യം. കേസിൽ നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുധാകരനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുധാകരൻ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.
മോൻസൻ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പണം കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 25 ലക്ഷം രൂപ അനൂപിൽ നിന്ന് മോൻസൻ വാങ്ങിയിരുന്നു. ഇതിൽ 10 ലക്ഷം രൂപയാണ് കെ. സുധാകരന് കിട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിന്റെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
മോൻസൻ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയായി ചേർത്താണ് ക്രൈം ബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസും അയച്ചിട്ടുണ്ട്. മറ്റന്നാൾ കളമശ്ശേരി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം.
മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ തന്നെ അറിയിച്ചിരുന്നു. കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോൻസൻ മാവുങ്കൽ കുടുങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള മോൻസന്റെ ചിത്രം പുറത്തു വന്നത് വലിയ വിവാദമായിരുന്നു. സുധാകരനുമായി മോൻസന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാർ പരാതിയിൽ ആരോപിച്ചിരുന്നു.