കേരളം
ബ്രഹ്മപുരം തീപിടുത്തം; ഇന്നത്തോടെ തീയണക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി. രാജീവ്
ബ്രഹ്മപുരത്ത് ഇന്നത്തോടെ തീ അണക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്. കോർപറേഷൻ മാലിന്യ സംഭരണ രീതി പരിശോധിക്കേണ്ടതുണ്ട്. ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉറവിട മാലിന്യ സംസ്കരണം സജീവമാക്കും. ഫ്ലാറ്റുകളിൽ മാലിന്യ സംസ്കരണ സൗകര്യം വേണം. കരാർ കമ്പനിക്കെതിരെ പരിശോധന നടക്കുന്നുണ്ട്. കരാർ എടുക്കുന്നവർക്ക് പലയിടത്തും തുടങ്ങാൻ കഴിയാത്ത പ്രശ്നമുണ്ട്.
തീപിടുത്തം എങ്ങനെ ഉണ്ടായി എന്ന തീരുമാനത്തിലേക്ക് ഇപ്പോൾ സർക്കാർ എത്തുന്നില്ല. തീ അണക്കാനാണ് പ്രാഥമിക പരിഗണന. മാലിന്യം തുടങ്ങുന്ന ഇടത്ത് നിന്ന് തന്നെ ഉത്തരവാദിത്തം വേണം. ഉറവിടത്തിൽ സംസ്കരിക്കാൻ കഴിയുന്നത് അങ്ങനെ തന്നെ ചെയ്യണം. മാലിന്യം ആരും വലിച്ചെറിയരുത്. ഇത് അവസരമായിക്കണ്ട് ഒരു തീരുമാനത്തിലേക്ക് വരേണ്ടതുണ്ട്.
എട്ടാം നാളും മാലിന്യപ്പുകയിൽ വീർപ്പുമുട്ടുകയാണ് ബ്രഹ്മപുരം. മാലിന്യമല ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം കളക്ടറെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രണ്ടുദിവസത്തിനകം തീ കെടുത്തുമെന്ന് പറഞ്ഞിട്ട് എന്ത് സംഭവിച്ചെന്നായിരുന്നു കോടതിയുടെ ചോദ്യം. ദുരന്തനിവാരണച്ചട്ടം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങൾ പൊതുജനങ്ങളിൽ വേണ്ടവിധം എത്തിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബ്രഹ്മപുരത്ത് തീപിടിത്ത മുന്നറിയിപ്പ് നൽകിയിരുന്നെന്നായിരുന്നു കളക്ടറുടെ മറുപടി. നഗരത്തിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നാളെ മുതൽ നീക്കം ചെയ്യുമെന്ന് കോര്‍പ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. ബ്രഹ്മപുരത്ത് വെള്ളം എത്തിക്കാൻ ഇന്നുതന്നെ വൈദ്യുതി കണക്ഷൻ നൽകണമെന്ന് കെഎസ്ഇബിയ്ക്ക് കോടതി നിര്‍ദ്ദേശം നൽകി.